2009, മേയ് 31, ഞായറാഴ്‌ച

ആവിയായി പറക്കട്ടെ
ജാലകച്ചില്ലിൽ ഒരു കണ്ണുനീർ തുള്ളി
തഴുകി വീണപ്പോൾ അടർന്നു ധൂളി
ഒന്നല്ലൊരായിരം പിന്നെയുമൊഴുകി
ഇരുണ്ട ജനലിനെ വെണ്മ തഴുകി

തെളിഞ്ഞൊരാ ജനലിനെ കണ്ടിട്ടെൻ
മനമാശിച്ചു മേഘങ്ങൾ പൊഴിക്കുവാൻ
മുഖം മിനുക്കുവാൻ;ദുഃഖങ്ങളകറ്റുവാൻ
എങ്കിലുമാശങ്ക പുരുഷനാകുമോ കരയുവാൻ?

അണ പൊട്ടിയൊഴുകേണ്ട നയനങ്ങൾ
തടയിട്ടു;തെരുവിൻ കാഴ്ചകൾ
ഒരു സമുദ്രം;ചെളി പടർന്നൊരു കടൽ
ഉയരെ ഒരു സൂര്യനായ്‌ കാത്തിരിക്കൽ;

കരയുവാനാവില്ലെനിക്കു ചെളി പടർത്തുവാനും
ഉയിർപ്പിൻ രക്ഷകനായി കാക്കുവാനും
മനസ്സിൻ ജലമിന്നു ആവിയായി പറക്കട്ടെ!
മുഖത്തു പൊടിയും അകത്തു വെണ്മയും പടരട്ടെ!

എന്റെ പാടം

രുധിരമൊഴുകി തളം കെട്ടിയ
ഹ്രുത്തിൻ ചെമ്പാടത്തു
നിറമകന്ന പുതു നാമ്പുകൾ
വിടരുന്ന ചോദ്യങ്ങൾ

പീതവും ഹരിതവും ശുഭ്രം കുങ്കുമം
നാമ്പിന്റെ നിറമിന്നു ദുർഘടം
സ്മരണയിലെ രക്ത താരങ്ങൾ
കണ്മിഴിച്ചു പൊട്ടിത്തെറിച്ചു

പഴമയുടെ കടും വിത്തുകൾ
ഞാനെന്ന ഭാവം;
പുതുമയുടെ സുഖ വിത്തുകൾ
മറയുന്ന തത്ത്വം;

പഴമയോ പുതുമയോ ദോഷം?
ഇടയിലമരുന്നു ഞങ്ങൾ
അറിയുന്നു സത്യമറിയുന്നു ഞങ്ങൾ
രക്തമില്ലാത്ത വിത്തുകൾ പ്രശ്നം

മാനം തെളിയും മേഘം മറയും
വർണ്ണവേഴ്ചകൾ അസ്തമിക്കും
വീണ്ടുമെൻ പാടത്തു ചെമ്പൂക്കൾ
ഒരുമയോടെ വിരിയും!

ബലികുടീര താരകങ്ങൾ സാക്ഷി!
വറ്റാത്ത കർമ്മബോധം സാക്ഷി!